ഭിന്നതകൾക്കതീതമായ മാനവികതയുടെ സർഗ്ഗോത്സവം
FEB/22/2025 ഒളരിക്കര : വ്യക്തികളെ അവരുടെ കുറവുകളെയും പരിമിതികളെയും മറികടന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ദർശന സർവീസ് സൊസൈറ്റിയുടെയും നവജ്യോതി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഫോർ വുമൺ കലാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ദർശന കലാമികവ് - 2025' ഭിന്നശേഷി കലോത്സവം ഫെബ്രുവരി 22 ശനിയാഴ്ച തൃശ്ശൂർ ഒളരിക്കര നവജ്യോതി കോളേജിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 10 മണിയോടുകൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ദർശന സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഫാ.സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ ആമുഖപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരായ വ്യക്തികളെ പരിഗണിക്കേണ്ടതിന്റെയും അവരുടെ സർഗ്ഗവാസനകളെ മുഖ്യധാരാസമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഫാദർ സംസാരിച്ചു. നവജ്യോതി കോളേജ് പ്രിൻസിപ്പൽ റവ.സി.ഡോ.ജിജി പോൾ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടി സി എച്ച് എഫ് നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി ജെസിൻ തെരേസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തൃശ്ശൂർ അതിരൂപത സാന്ത്വനം ഡയറക്ടർ ഫാ.ജോജു ആളൂർ ആയിരുന്നു മുഖ്യാതിഥി. മനുഷ്യർ തമ്മിൽ വേർതിരിവുകല്ല മാനവികതയുടെ സമത്വഭാവനയാണ് വേണ്ടതെന്ന് ഫാദർ ജോജു ആളൂർ തന്റെ മുഖ്യപ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. ഭിന്നശേഷി കലോത്സവം എന്ന പേരിലല്ല, മറിച്ച് എല്ലാ കലോത്സവങ്ങളുടെയും കൂടെ വേർതിരിവില്ലാതെ നടത്തപ്പെടേണ്ടതാണ് ഇത്തരം കലാപ്രകടനങ്ങൾ എന്ന് നവജ്യോതി കോളേജ് അസി.പ്രൊഫ.ഡോ.ബി സി ഒ.ജി ആശംസകൾ അറിയിച്ച് സംസാരിച്ചു. 11 മണിയോടുകൂടി അവസാനിച്ച ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'ചന്ദ്രകാന്തം', 'ഉദയരാഗം', 'ഇന്ദ്രനീലം' എന്നീ മൂന്ന് വേദികളിലായി 6 ഇനം കലാമത്സരങ്ങൾ അരങ്ങേറി.
സമാപന സമ്മേളനവും സമ്മാനദാനവും ഉച്ചയ്ക്ക് 3 മണിയോടെ നവജ്യോതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് തൃശൂർ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവാണ്. റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിലേക്ക് മുഖ്യ അതിഥിയായി എത്തിയത് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ ശ്രീലാൽ ശ്രീധർ ആയിരുന്നു.
പരിപാടിയിൽ
ആശംസ നേർന്നു സംസാരിച്ചത്
റിട്ടയേർഡ് അധ്യാപകൻ, GHSS എരുമപ്പെട്ടി
(സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
ശ്രീ രാമകൃഷ്ണൻ എം. എസ് .
പരിപാടിയിൽ സന്നിഹിതരായ വിശിഷ്ട വ്യക്തിത്വങ്ങൾ സമ്മാനദാനം നിർവഹിച്ചുകൊണ്ട് വിജയികളായ മത്സരാർത്ഥികളെ അനുമോദിച്ചു. ലീന പ്രബിൻ, സംഗീത വി.എസ്, ലീന എം. ജെ ( യഥാക്രമം ഒന്നാംസ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം സ്ത്രീ വിഭാഗം ലളിതഗാനം ). മുഹ്സിൻ ബാബു, ഷിബു, ജോയ് പാവറട്ടി (യഥാക്രമം ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം പുരുഷ വിഭാഗം ലളിതഗാനം). അഞ്ചു, ചിഞ്ചു ( യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം കഥാപ്രസംഗം). മിനി( ഒന്നാംസ്ഥാനം സ്ത്രീ വിഭാഗം മിമിക്രി ). ഷൈജു ബാബു, മനീഷ് എം, മുഹ്സിൻ ബാബു & ജഗദീഷ് ഒ.ബി (യഥാക്രമം ഒന്നാം സ്ഥാനം,രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം പുരുഷ വിഭാഗം മിമിക്രി ). വൈദ്ദേഹി,നന്ദന രാജേഷ്, മേഘന ക. കെ ( യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം നാടോടി നൃത്തം ). സംഗീത വി.എസ്, ലീന പ്രബിൻ, ലീന എം.ജെ( യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം സ്ത്രീ വിഭാഗം കവിത പാരായണം). മഹിൻ, ഉമേഷ്, കിരൺകുമാർ (യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം പുരുഷ വിഭാഗം കവിത പാരായണം). അഭിഷേക് ബിനോജി, കിരൺകുമാർ, രാമകൃഷ്ണൻ (യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം പുരുഷ വിഭാഗം ചിത്രരചന). ലീന പ്രബിൻ, ലീന എം.ജെ, ജിജില മുത്തു (യഥാക്രമം ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം സ്ത്രീ വിഭാഗം ചിത്രരചന) എന്നിവരാണ് സമ്മാനാർഹരായത്.
ദർശന കലാമികവ്- 2025ന്റെ കലാപ്രതിഭയായി ലീന പ്രവീണും കലാതിലകമായി കിരൺ കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കാലുകൊണ്ട് ചിത്രം വരച്ച് വിസ്മയം തീർത്ത അഖിലിനെ പ്രത്യേകം ആദരിച്ചു.
ഭിന്നശേഷിക്കാരുടെ കലാസര്‍ഗവാസനകളെ പുറത്തുകൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും സമൂഹ മനസ്സിന് പ്രചോദനം നൽകുന്ന ഉദാത്തമായ മാനവികതയുടെ മാതൃകയായി ഈ കലോത്സവം മാറി.